കൊച്ചി: സിനിമ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരില്‍ സിനിമാമോഹികളില്നിന്ന് വ്യാജ കാസ്റ്റിംഗ് ഏജന്റുമാര്‍ പണം തട്ടുന്നതായി പരാതി.
കമ്പനിയുടെ പേരിലുള്ള വ്യാജ ഇമെയില്‍ ഐഡി ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന വ്യാജ ഏജന്റുമാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കമ്പനി ഉടമ നടന് വിജയ് ബാബു ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്.
തട്ടിപ്പുകാര്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചു വരികയാണെന്നും വിജയ് ബാബു വ്യക്തമാക്കി.സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, കാസ്റ്റിംഗ് കമ്മീഷന് എന്നിവയുടെ പേരില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇവര്‍ വ്യാപകമായി പണം തട്ടുന്നതായാണ് കുറിപ്പ്.
തട്ടിപ്പ് നടത്തുന്ന ദിനേഷ് ദീനു, മാധവി എന്നീ രണ്ട് വ്യക്തികളുടെ വിവരങ്ങളും ഫോണ്‍ നമ്പറുകളും ഫ്രൈഡേ ഫിലിം ഹൗസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഓഡിഷന് തെരഞ്ഞെടുക്കപ്പെട്ടു എന്ന് വിശ്വസിപ്പിച്ചാണ് യാത്രാച്ചെലവുകള്‍ക്കും മറ്റ് കമ്മീഷനുകള്‍ക്കുമായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് തട്ടിപ്പുസംഘം പണം വാങ്ങുന്നത്.
തട്ടിപ്പുകാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അറിയിച്ച കമ്പനി നിലവില്‍ യാതൊരുവിധ ഓഡിഷനുകളും നടത്തുന്നില്ലെന്നും പുതിയ ഓഡിഷനുകള്‍ ഉണ്ടെങ്കില്‍ അത് തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ മാത്രമേ അറിയിക്കുകയുള്ളൂവെന്നും വ്യക്തമാക്കി.